Thursday, January 31, 2008

ആരും നുണ പറയണ്ട ട്ടാ



അവധിക്കു നാട്ടില്‍ പോകുമ്പോഴെല്ലാം നല്ലപാതിയും മോളുമൊത്ത്‌ എല്ലാ
കുടുംബങ്ങളിലും കൂട്ടുകാരുടെ വീട്ടിലും സന്ദര്‍ശനവും പിന്നെ ചെറിയ
തോതില്‍ ഒരു ഷോപ്പിംങ്ങും ( അധികവും വിന്റോ ഷോപ്പിംഗ്‌...)
മറ്റുമൊക്കെ നടത്താറുള്ളതാണ്‌. 2006 ലെ
അവധിയില്‍ ഒരു ദിവസം ത്യശ്ശൂര്‍ നഗരക്കാഴചകളും
, പൂരം പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളുമൊക്കെ കാണുക എന്ന
ഉദ്ധേശ്യത്തോടെ ഞാനും എന്റെ ഒരേ ഒരു ഭാര്യയും ഒരേ ഒരു മകള്‍ സഫയും
അച്ചപ്പ്‌ മാമാടെ ( അഷറഫിനെ അങ്ങിനെയാണു സഫമോള്‍ വിളിക്കുന്നത്‌ ) പുതുതായി വാങ്ങിയ
ഓട്ടോറിക്ഷയില്‍ ( ഓട്ടോ അത്ര പുതിയതല്ല) കാലത്ത്‌ നേരത്തെ തന്നെ
ത്യശ്ശൂര്‍ക്ക്‌ തിരിച്ചു. അങ്ങിനെ വെള്ളറക്കാട്‌ നിന്ന് പന്നിത്തടം വഴി തിരിഞ്ഞ്‌
കേച്ചേരി വഴി വഴിയോര കാഴചകള്‍ കണ്ട്‌ ത്യശ്ശൂര്‍ റൌണ്ടില്‍ എത്തി.
റൌണ്ടില്‍ ഒരു പുതിയ സിഗ്നല്‍ സ്ഥാപിച്ചത്‌ അഷറഫിന്റെ ശ്രദ്ദയില്‍ പെട്ടിരുന്നില്ല.. എന്തായാലും
സിഗ്ന്‍ല്‍ മുറിച്ചു കടക്കുന്നതിനു മുന്നെതന്നെ ഓട്ടോ നിറുത്തി..
നിറുത്തിയല്ല.. പടാര്‍ .. എന്താണു സംഭവിച്ചതെന്ന്
മനസ്സില്ലായില്ല.. ഓട്ടോ ഒന്ന് ആടി ഉലഞ്ഞു.. ഞങ്ങളും .എല്ലാവരുടെയും
ഇരുന്നിരുന്ന സ്ഥാനം തെറ്റി..ഓട്ടോയും മൂന്നിലേക്ക്‌ അല്‍പം നീങ്ങി..
അപ്പോഴേക്കും ട്രാഫിക്‌ പോലീസും അവിടെ അടുത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന ഓട്ടോ
ഡ്രൈവര്‍മാരും ഓട്ടോ വളഞ്ഞു കഴിഞ്ഞിരുന്നു.. ഞങ്ങളുടെ
തൊട്ടു പിറകെ വന്നിരുന്ന ഒരു അണ്ണന്‍ ടൂറിസ്റ്റ്‌ ബസ്‌ ( തീര്‍ത്ഥാടകരാണു
അതിലുണ്ടായിരുന്നത്‌ ) സിഗ്നല്‍ ശ്രദ്ധിക്കാതെ വരികയും ഞങ്ങളുടെ
ഓട്ടോ ബ്രേക്ക്‌ ചെയ്തപ്പോള്‍ നിയന്ത്രണം കിട്ടാതെ പിന്നില്‍ വന്ന്
ചെറുതായൊന്ന് സ്നേഹിക്കുകയും ചെയ്തതായിരുന്നു സംഗതി..

ഞനും അഷറഫും ഓട്ടോയില്‍ നിന്നിറങ്ങി ,സഫ മോളും ബീവിയും വണ്ടിയില്‍
തന്നെ ഇരുന്നു. ഓട്ടോയുടെ പിന്‍ വശത്തെ ഒരു സിഗ്നല്‍ ലൈറ്റ്‌ പൊട്ടി..പിന്നെ
ബാകിലെ എഞ്ചിന്‍ കാബിന്‍ ഡോര്‍ അല്‍പം വളഞ്ഞു എന്നതൊഴിച്ചാല്‍ കൂടുതല്‍
ഒന്നും പറ്റിയിട്ടില്ല.. ബസ്‌ ഡ്രൈവറും ബസിലെ യാത്രക്കരായ ഒന്നു രണ്ട്‌
പേരും ഇറങ്ങി വന്നിട്ടുണ്ട്‌.. പ്രശ്നം ഓട്ടോറിക്ഷക്കാര്‍
ഏറ്റെടുത്തുകഴിഞ്ഞു.. " ഇവന്മാര്‍ക്ക്‌ കണ്ണും മൂക്കുമില്ല.. സിഗ്നല്‍ കണ്ടു
കൂടെ "', " 400 രൂപയെങ്കിലും വാങ്ങണം .
അവിടെ കിടക്കട്ടെ കുറച്ച്‌ നേരം
എന്നിങ്ങനെ പോകുന്നു അവരുടെ സംസാരം.. ഞാന്‍ ടാഫിക്‌
പോലീസ്കാരനോട്‌ പറഞ്ഞു സാര്‍ ഒന്ന് ഇടപ്പെട്ട്‌ സംഗതി
അവസാനിപ്പിക്കണം... ചെറുപ്പക്കാരനായ പോലീസ്‌ പറഞ്ഞു.. ഇവിടെ
അധിക നേരം നിര്‍ത്തിയിടാന്‍ കഴിയില്ല... ഒരു ഒത്തു തീര്‍പ്പായില്ലെങ്കില്‍
രണ്ടു വണ്ടിയും സ്റ്റേഷനിലേക്ക്‌ എടുത്തോ .. ഓട്ടോ അണ്ണന്മാര്‍ വഴങ്ങുന്ന
മട്ടില്ല.. ഞാന്‍ അഷറഫിനോട്‌ രഹസ്യമായി ചോദിച്ചു.. അഷ്രഫേ..
നിനക്കി പൊട്ടിയ ലൈറ്റ്‌ മാറ്റാനും ഡോര്‍ ശരിയാക്കനും കൂടി എത്ര
പൈസയാവും ? കൂടിയാല്‍ 150 രൂപയാവും..അവന്‍ പറഞ്ഞു.. ഞാന്‍ ഓട്ടോ
അണ്ണന്മാരോട്‌ പറഞ്ഞു.. ഞങ്ങള്‍ക്ക്‌ അല്‍പം തിരക്കുണ്ട്‌.. നിങ്ങള്‍ പറയുന്ന
കാശ്‌ തരാന്‍ ബസ്‌ ഡ്രവര്‍ ഒരുക്കമാണ്‌ . എന്നാലും അത്‌ കുറച്ച്‌
കൂടുതലല്ലേ.. ഒരു 150 രൂപ വാങ്ങി പ്രശനം അവസാനിപ്പിക്കൂ.. അവര്‍
വഴങ്ങുന്നില്ല.. സാര്‍ ഇതില്‍ ഇടപെടണ്ട.. ഇത്‌ ഞങ്ങള്‍ കൈകാര്യം
ചെയ്തോളാം.. ബസ്‌ ഡ്രൈവര്‍ കെഞ്ചുന്നുണ്ട്‌.. എന്നാ സാര്‍ ഇത്‌ കൊഞ്ചം
ജാസ്തി.. അവസാനം 200 രൂപ വാങ്ങി അഷറഫിന്റെ പോക്കറ്റില്‍ വെച്ച്‌
കൊടുത്ത്‌ ഓട്ടോക്കാര്‍ സംഗതി അവസാനിപ്പിച്ചു.. കൂടിയവരെല്ലാം
പിരിഞ്ഞു.. എല്ലാം വീക്ഷിച്ച്‌ സഫ മോള്‍ ഓട്ടോയില്‍ തന്നെ ഇരിപ്പുണ്ട്‌..
ഞങ്ങള്‍ വീണ്ടും ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ പോലീസ്കാരനും ഓട്ടോക്കാര്‍ക്കും റ്റാ റ്റാ പറഞ്ഞ്‌ നീങ്ങി..

അച്ചപ്പ്‌ മാമാടെ വണ്ടീമെ ബസ്‌ ഇടിച്ചൂല്ലെപ്പാ... സഫ മോളുടെ
ചോദ്യം.. ഞാനും ബീവിയും പരസ്പരം നോക്കി.. അഷ്രഫും മുന്നിലെ
കണ്ണാടിയിലൂടെ ഞങ്ങളെ നോക്കി..

ഇന്ന് ഓട്ടോറിക്ഷയില്‍ ത്യശ്ശൂര്‍ക്ക്‌ പോകുന്നത്‌ ഉപ്പാക്കും ഉമ്മാക്കും അത്ര
ത്യപ്തിയില്ലായിരുന്നു. ..ഇനി ഓട്ടോയില്‍ ബസ്‌ ഇടിച്ച കാര്യം സഫ മോള്‍
വീട്ടില്‍ ചെന്ന് പറയുകയും ചെയ്താല്‍ പൂര്‍ണ്ണമായി.. അതാണു ഞങ്ങള്‍
പരസ്പരം നോക്കിയതിന്റെ പൊരുള്‍.. ഞാന്‍ മോളോട്‌ പറഞ്ഞു..
അച്ചപ്പ്‌ മാമാടെ വണ്ടീമെ ബസ്‌ ഇടിച്ചതൊന്നും ഉമ്മമ്മാടും ഉപ്പപ്പാടും
പറയന്‍ണ്ട... അപ്പോ ബള്‍ബൊക്കെ പൊട്ടിയത്‌ ഉമ്മമ്മ കാണില്ലെ ? എന്നായി സഫ
മോള്‍.. അതൊ.. അത്‌.. വണ്ടി നിര്‍ത്തിയിട്ട നേരത്ത്‌ എങ്ങിനെയോ പറ്റിയതാണെന്ന്
പറഞ്ഞാല്‍ മതി. .എന്ന് ഞനും.. വീട്ടില്‍ മറ്റുള്ളവര്‍ അറിഞ്ഞു
വിഷമിക്കണ്ട എന്ന ഉദ്ധേശ്യത്തിലാണിതൊക്കെ ഞാന്‍ പറഞ്ഞത്‌.. പിന്നെ
സഫ കുറച്ച്‌ നേരത്തിനു ഒന്നു പറഞ്ഞില്ല.. ഞങ്ങള്‍ പ്രദര്‍ശനം
നടക്കുന്ന സ്ഥലത്തിനടുത്ത്‌ ഓട്ടോ പാര്‍ക്ക്‌ ചെയ്ത്‌ ഇറങ്ങി...
നടക്കുന്നതിനിടയില്‍ സഫമോളുടെ ഒരു ചോദ്യം .. .
നുണ പറയാന്‍ പറ്റോപ്പാ..? നുണ പറഞ്ഞാല്‍ അല്ലാഹു ശിക്ഷിക്കില്ലേ.. ?
ഇത്തവണ ഞങ്ങള്‍ പരസ്പരം നോക്കുന്നതിനു പകരം നോക്കാതിരിക്കാന്‍ ശ്രമിച്ചു....
സഫ്മോളെ..മോള്‌ നുണായൊന്നും പറയണ്ട.. അരെങ്കിലും ചോദിച്ചാല്‍ ഉണ്ടായത്‌
തന്നെ പറഞ്ഞോ... ഉപ്പപ്പയും ഉമ്മമയും വിഷമിക്കണ്ട എന്ന് വിചാരിച്ച്‌
അങ്ങിനെ പറയാന്‍ പറഞ്ഞതാണു .. എന്നൊക്കെ വിശദികരിച്ചപ്പോള്‍ അവള്‍ക്ക്‌
സമാദാനമായി.. ..പിന്നെ ഞങ്ങളോട്‌ ഒരു കമന്റും..
ആരും നുണ പറയണ്ട ട്ടാ.. അല്ലാഹു ശിക്ഷിക്കും...

Thursday, January 24, 2008

ആവര്‍ത്തിക്കപ്പെടുന്ന (റി)പബ്ലിക്‌ നുണകള്‍

ഇന്ത്യ എന്റെ രാജ്യമാണ്‌
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്‌

Sunday, January 20, 2008

ഇന്ന് റംസിമോളുടെ നിക്കാഹ്‌..



ഒരു വര്‍ഷം ഒരു മാസത്തെപ്പോലെയും ഒരു മാസം ഒരു ആഴ്ചയെപ്പോലെയും ഒരു ആഴ്ച ഒരു ദിവസത്തെപ്പൊലെയും അനുഭവപ്പെടുന്ന ഒരു കാലം വരാനിരിക്കുന്നു എന്ന പ്രവാചക വചനം അക്ഷരാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലം..

ഇന്നലെയെന്നപോലെ ഓര്‍മ്മകളുടെ മുകുളങ്ങളില്‍ വിരിയുന്ന ..എന്റെ നേര്‍പെങ്ങളുടെ ആദ്യത്തെ കണ്മണിയുടെ. എന്റെ കൈവിരലുകളില്‍ പിടിച്ചു നടക്കാന്‍ ശ്രമിക്കുന്ന പൂമ്പാറ്റയുടെ പഴയ ചിത്രം
.. കുടുംബത്തില്‍ ആദ്യത്തെ കുഞ്ഞു പിറന്നതിന്റെ ആരവങ്ങള്‍.. ചിരിയും കളിയും.. കോളേജില്‍ ക്ലാസ്‌ കഴിഞ്ഞ്‌ ബസ്‌ സ്റ്റാന്‍ഡില്‍ തങ്ങാതെ. നേരെ വീട്ടിലെത്തി ആ പാല്‍ പുഞ്ചിരിയും കളികളും കുസ്യതിയും കാണാനു ആസ്വദിക്കാനുമുള്ള തിടുക്കം... പിന്നെ പിന്നെ ചിറമനെങ്ങാട്‌ കോണ്‍കോഡ്‌ ഇംഗ്ലീഷ്‌ സ്കൂളില്‍ കെ.ജി ക്ലാസില്‍ പഠനം തുടങ്ങുന്നതിന്റെ ചിണുങ്ങലുകള്‍.. പഠിപ്പിച്ച അധ്യാപിക അധ്യപകന്മാരുടെയെല്ലം വാത്സല്യത്തിനു പാത്രമായി.. പിന്നെ ചേലക്കര കോണ്‍വെന്റിലേക്കുള്ള പറിച്ചു നടല്‍...

എല്ലാം എല്ലാം ഇന്നലെയും മിനിഞ്ഞാന്നും നടന്നപോലെ... ഇന്ന് മുഹറം 11 , ജനുവരി 20 ഞായര്‍ 2008 ന്റെ ദിവസം , അസര്‍ നിസ്കാരത്തിനു ശേഷം മേപ്പാടം ജുമാ മസ്ജിദില്‍ വെച്ച റംസിമോളുടെ നിക്കാഹ്‌... പയ്യന്‍ ഷാനവാസ്‌.. കൂടുതല്‍ അകലെയല്ല എന്നറിഞ്ഞു.. ഉദടിയിലാണു വീട്‌.. ദുബായ്ക്കാരന്‍.. എയര്‍പോര്‍ട്ട്‌ ഡ്യൂട്ടി ഫ്രീയില്‍ സ്റ്റോര്‍കീപ്പര്‍ ജോലിയില്‍ പുതുതായിനിയമനം കിട്ടിയതു കൊണ്ട്‌ പെട്ടെന്ന് തിരിച്ചു വരണം.. ഇപ്പോള്‍ നിക്കാഹ്‌ മാത്രം.. കല്ല്യാണ സദ്യയും മറ്റും 10 മാസത്തിനുള്ളില്‍ .. ഇന്ന് കാലത്ത്‌ പയ്യനു ഫോണ്‍ ചെയ്ത്‌ ആശംസകള്‍ നേര്‍ ന്നു.. വല്യമാമാക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ ഇപ്പോള്‍ ഇതു മാത്രം ..പിന്നെ എന്റെ സ്വകാര്യ ലോകത്ത്‌ ഒന്ന് രണ്ട്‌ തുള്ളി മിഴിനീര്‍ കണങ്ങള്‍... സന്തോഷത്തിന്റെതോ അതോ സങ്കടത്തിന്റെതോ..

നാട്ടില്‍ നടക്കുന്ന വിശേഷങ്ങളില്‍ നമ്മെ ആരെങ്കിലും സ്മരിക്കുമോ ? പ്രിയതമ ഓര്‍ക്കുമായിരിക്കും.. എന്റെ ഇക്കയുണ്ടായിരുന്നെങ്കിലെന്ന്...പ്രത്യാകിച്ചും നിക്കാഹിനായി മേപ്പാടത്തേക്ക്‌ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ( വേറെ എങ്ങോട്ടാക്കാണെങ്കിലും ) ഞാന്‍ കാണിക്കുമായിരുന്ന തിക്കും തിരക്കും ചോദ്യങ്ങളും ഇല്ലാതെ ശ്യൂന്യത അനുഭവപ്പെടുമ്പോഴെങ്കിലും.. എല്ലാം മനസ്സില്‍ കണ്ട്‌ ഞാന്‍ ഈ ദിവസം
കഴിയട്ടെ ഇവിടെ ഈ പ്രവാസ ഭൂമിയില്‍.. നിങ്ങളുണ്ടാവുമല്ലോ എന്റെ കൂടെ...
എന്റെ റംസിമോള്‍ക്കും അവളുടെ പ്രതിശ്രുത വരന്‍.. ഷാനവാസിനും നന്മകള്‍ നേരാന്‍..

സ്വന്തം
വല്യാമ....( വലിയ മാമ എന്ന വിളി ലോപിച്ച്‌ വല്യാമ എന്നായതാണു.. )

Thursday, January 17, 2008

ആരാണു തീവ്രവാദി ??

ഇന്നലെ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ തുടരെ തുടരെ ഉത്സാഹത്തോടെ ( എനിക്കു തോന്നിയതാവാം ) പ്രക്ഷേപണം ചെയ്ത ഒരു വാര്‍ത്തയായിരുന്നു.. " ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി അല്‍ത്താഫിനു കോടതി ജാമ്യം അനുവദിച്ചില്ല.!! " എന്നത്‌...

ഈ തലക്കെട്ട്‌ വാര്‍ത്ത വായിച്ച അതേ വായനക്കാരന്‍ തന്നെ തുടര്‍ന്ന് പറയുന്നു.. അല്‍ത്താഫിനു തീവ്രവാദി സംഘടനയുമായി യാതൊരു ബന്ധവും തെളിയിക്കപ്പെട്ടിട്ടില്ല എന്ന്..

രണ്ടും കൂടി കൂട്ടി വായിക്കുമ്പോള്‍ വരുന്ന പൊരുത്തക്കേടിന്റെ ഉറവിടം എവിടെയാണ്‌ ? ആര്‍ക്കാണു തീവ്രവാദികളെ സ്യഷ്ടിക്കാന്‍ തിടുക്കം ? ഉത്സാഹം ? എന്താണിവരുടെ ഉദ്ധേശ്യം ?

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നാം നഴികക്കു നാല്‍പത്‌ വട്ടം എഴുതുകയും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നു.. കാശ്മീര്‍ ഇല്ലാത്ത മാപ്പിനു മാപ്പ്‌ കൊടുക്കാന്‍ നമുക്കാവില്ല.. പക്ഷെ അവിടെ ജനിച്ചു വളര്‍ ന്നു എന്ന ഒരൊറ്റ കാര്യം കൊണ്ട്‌ മാത്രം, അല്ലെങ്കില്‍ ഒരിക്കല്‍ ഒരു അരുതായ്മ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഒരാളെ എങ്ങിനെ ആജീവനാന്ത കുറ്റവാളിയാക്കി മാറ്റുന്നു നമ്മുടെ മാധ്യമങ്ങള്‍ ? കാശ്മീരികള്‍ക്ക്‌ കേരളത്തില്‍ തൊഴിലെടുത്ത്‌ ജീവിക്കാന്‍ ഭരണഘടന വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടില്ലാത്തിടത്തോളം, ഒരാളില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാത്തിടെത്തോളം അയാളെ നാം എങ്ങിനെ കുറ്റവാളിയായി മുദ്രകുത്തും ?

ആരാണു സത്യത്തില്‍ ഇവിടെ തീവ്രവാദി ? ആരുടെ മനസ്സിലാണു തീവ്രവാദത്തിന്റെ അണുക്കള്‍ ?

ചിന്തിക്കുന്നവര്‍ വിലയിരുത്തുക..
ലോകത്ത്‌ ആരും തന്നെ തീവ്വ്രവാദിയായി ജനിക്കുന്നില്ല..

സസ്നേഹം
ഒരു തീവ്രവാദി

Wednesday, January 16, 2008

മടിയന്മാരും മടിച്ചികളും അറിയാന്‍..

ന്യൂയോര്‍ക്കില്‍ ഈയിടെയായി ലോക മടിയനെ / മടിച്ചിയെ കണ്ടെത്താന്‍ ഒരു മത്സരം നടന്നുവത്രെ...

ഒന്നാം സമ്മാനം കിട്ടിയ ലോക മടിയന്‍. തുടര്‍ച്ചയായി 29 മണിക്കൂര്‍ ടെലിവിഷന്‍ പ്രോഗ്രാം കണ്ടിട്ടാണത്രെ തന്റെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്‌.. 29 മണിക്കൂറിനിടയില്‍ 8 മണിക്കൂറില്‍ ഒരിക്കല്‍ ടോയ്ലറ്റില്‍ പോകാനുള്ള അനുവാദമുണ്ടായിരുന്നു.. പിന്നെ ഇഷ്ടമുള്ളതെന്തും ഓര്‍ഡര്‍ ചെയ്ത്‌ ഫ്രീയായി ശാപ്പിടാം..

5000 ഡോളറും, വലിയ ഒരു ടെലിവിഷന്‍ സെറ്റും, അടിപൊളി ( അടിപൊളിയാത്ത) ഒരു സോഫയും പിന്നെ ഒരു പൊട്ടറ്റൊ മോഡല്‍ പിടിപ്പിച്ച ട്രോഫിയുമാണു ഇഷ്ടനു കിട്ടിയ സമ്മാനം .

ഈ വാര്‍ത്ത നമ്മുടെ ചില വീട്ടമ്മമാര്‍ കേട്ടാല്‍ 'ഇതാണോ ഇത്ര വലിയ കാര്യം ? എന്നു തിരിച്ചു ചോദിക്കാന്‍ ഇടയുണ്ട്‌..

ലോകാവസാനം വരെ നീളുന്ന സീരിയലുകളും , റിയാലിറ്റിയുമായി പുലബന്ധം പോലുമില്ലാത്ത റിയാലിറ്റി ഷോകളും 29 മണിക്കൂറല്ല 29 ദിവസം തന്നെ ഇവര്‍ ഇരുന്നു കണ്ടു കൊള്ളും.. ഇടക്ക്‌ ടോയ്ലറ്റില്‍ പോകേണ്ട ആവശ്യം പോലും വേണ്ടിവന്നാല്‍ ഒഴിവാക്കാവുന്നതേയുള്ളൂവെന്നാണു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നബീസാത്ത രഹസ്യമായി പറഞ്ഞത്‌..

സ്നേഹത്തോടെ
ഒരു മടിയന്‍

Tuesday, January 15, 2008

കാരണം

എല്ലാ കാര്യങ്ങള്‍ക്കും ഒരു കാരണം ഉണ്ടെന്നതിനാല്‍, ഈ ബൂലോകത്ത്‌ കയറിപ്പറ്റി എന്റെ വക ഈ നുറുങ്ങുകള്‍...ചിലതൊക്കെ കുത്തിക്കുറിക്കാനും പണ്ടെങ്ങോ ,എന്തിനോ ഒക്കെ കുത്തിക്കുറിച്ചത്‌ ( വെളിച്ചം കണ്ടതും അല്ലാത്തതുമായവ ) മറ്റുള്ളവരെ കൂടി വായിപ്പിച്ച്‌ അല്ലെങ്കില്‍ കാണിക്കാനും ഉള്ള ഒരു അതിമോഹം... അതാണിതിനൊക്കെ വഴി വെച്ചത്‌..

പ്രിയപ്പെട്ടവരെ ക്ഷമിക്കുക...

എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്നതിനെകുറിച്ച വ്യക്തമായ ദിശാ സൂചിക എനിക്കു കിട്ടിയത്‌, ബ്ലോഗര്‍ നിര്‍മലയുടെ നിര്‍ദ്ധേശ പ്രകാരം
ഇവിടെ നിന്നും പിന്നെ ഇവിടെ നിന്നും

അവരോട്‌ കൂടി നിങ്ങള്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ഈ പരിപാടി ഇവിടെ ഉദ്ഘാടനം ചെയ്തതായി പ്രഖ്യപിച്ച്‌ .. തത്ക്കാലം ചുരുക്കട്ടെ...
സസ്നേഹം...
പീബി.

Related Posts with Thumbnails