Saturday, October 18, 2008

മനസിനേറ്റ മുറിവ്‌ മായ്ക്കാന്‍ കഴിയുമോ ?

‌അസ്സലാമു അലൈക്കും ബഷിര്‍ ഭായ്‌ ..
മുഖത്തെ സ്ഥിരം പുഞ്ചിരിയുമായി സലാമുക്ക മുന്നില്
വ‍ അലൈക്കുമുസ്സലാം വറഹ്‌ മത്തുല്ലാ.. എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? ജുമുഅ നിസ്കാരം കഴിഞ്ഞ്‌ പള്ളിയില്‍ നിന്നിറങ്ങി വരുകയായിരുന്ന ഞാന്‍ പ്രതിവചിച്ചു . എന്റെ വിശേഷമൊക്കെ‌ നല്ലത്‌ തന്നെ .. എന്താ ബഷീര്‍ഭായ്ക്ക്‌ പറ്റിയത്‌ ? സലാമുക്ക ഇന്ന് പ്രതിവു അഭിവാദ്യങ്ങള്‍ക്കപ്പുറത്തേക്ക്‌ കടക്കുകയാണല്ലോ.. ഞാന്‍ മനസ്സില്‍ കരുതി.. എന്തേ ചോദിച്ചത്‌ ? ഞാന്‍ തിരിച്ചു ചോദിച്ചു. ഒന്നു‍ല്ല. ഇത്തവണ നിങ്ങള്‍ നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഞാന്‍ ശ്രദ്ധിയ്ക്കുന്നു. മുഖത്ത്‌ ആ പഴയ ഒരു പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്‌. വല്ല അസുഖവുമാണോ ? ആകെ ഒരു ടെന്‍ഷന്‍പോലെ..! സലാംക്ക പറഞ്ഞു നിര്‍ത്തി. സത്യത്തില്‍ അദ്ദേഹവുമായി എനിക്ക്‌ അടുത്ത്‌ ബന്ധമൊന്നുമില്ല .വല്ലപ്പോഴും കാണുമ്പോഴുള്ള കുശലാന്വേഷണത്തിലും സലാം ചൊല്ലി പിരിയലിലും ഒതുങ്ങുന്നു.. അടുപ്പം. പക്ഷെ സലാംക്ക അത്‌ മനസ്സിലാക്കിയിരിക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് ഒരു വേള നിനച്ചു. ഏയ്‌ ഒന്നൂല്യ സലാംക്ക.. നാട്ടില്‍ പോയി പെട്ടെന്ന് തിരിച്ച്‌ വന്നതിലുള്ള ഒരു സിക്നസ്‌ . അതിന്റെ ഒരു ... ഞാന്‍ പറഞ്ഞൊഴിയാന്‍ ഒരു ശ്രമം നടത്തി.. പക്ഷെ അദ്ദേഹം എന്നെ തടഞ്ഞു നിര്‍ത്തി പറഞ്ഞു. നോക്ക്‌ ബഷീര്‍ ഭായ്‌.. ഞാനും കുറെ അനുഭവിച്ചിട്ടുള്ളതാണിതൊക്കെ. നമ്മള്‍ കരുതുന്നത്‌ പോലെ മറ്റുള്ളവര്‍ നമ്മെ കരുതുകയില്ല. കുടുംബത്തിനു വേണ്ടി എന്റെ ജീവിതം ഉഴിഞ്ഞുവെച്ചവനാ ഞാന്‍ .ഇപ്പോള്‍ ഞാനും എന്റെ കുട്ടികളുമായി ചുരുങ്ങി.. അവര്‍ക്ക്‌ വേണ്ടി ഞാനിവിടെ ജീവിക്കുന്നു. അങ്ങിനെ പച്ചയായ ഒരു മനുഷ്യന്റെ ജീവിത യാത്രയിലെ ചിലതൊക്കെ പറഞ്ഞു നിര്‍ത്തി. ഞാന്‍ പറഞ്ഞു. നമ്മള്‍ നമ്മുടെ കടമ നിറവേറ്റുക അതിനുണ്ടായേക്കാവുന്ന നന്മയും തിന്മയും നിശ്ചയിക്കുന്നത്‌ അല്ലാഹുവല്ലേ.. അവന്‍ അറിയുന്നുണ്ടല്ലോ . ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും നമ്മെ തിരിച്ചറിയും ..സാരമാക്കണ്ടെ.. ഇപ്പോള്‍ ഞാന്‍ തിരിച്ച്‌ ആശ്വസിപ്പിക്കേണ്ട നിലയിലെത്തി.. ഞങ്ങള്‍ സംസാരം തത്കാലം നിര്‍ത്തി സലാം ചൊല്ലി പിരിഞ്ഞു പോകുന്നതിനു മുന്നെ ഒരിക്കല്‍ കൂടി എന്നെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. ഒക്കെ ശരിയാവും ബഷീര്‍ ഭായ്‌. ടെന്‍ഷനടിച്ച്‌ ആരോഗ്യം നശിപ്പിക്കരുത്‌.

ഒരു സാധു മനുഷ്യന്‍.. എനിക്ക്‌ കുടുബപരമായി എന്തോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതിയിട്ടാവും അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ പങ്കുവെച്ചത്‌..നാം പലപ്പോഴും അറിയാറില്ല. നമ്മളറിയാതെ നമ്മെ ശ്രദ്ധിക്കുന്നവര്‍ ..നമ്മുടെ ചലനങ്ങളിലും സംസാരത്തിലുമുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നവര്‍ നമുക്ക്‌ ചുറ്റും ഉണ്ടെന്നുള്ള സത്യം.ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും എന്റെ മനസ്സാക്ഷി എന്നോട്‌ ചോദിച്ച്‌ കൊണ്ടിരുന്നു. പിന്നെ എന്തേ ഈ പ്രസരിപ്പില്ലായ്മക്ക്‌ കാരണം ?

ശരീരത്തിന്റെ മുറിവ്‌ കാലത്തിനു മായ്ക്കാന്‍ കഴിയും അതിന്റെ വേദനകളും പാടുകളും മായും പക്ഷെ മനസിനേറ്റ മുറിവ്‌ .. ഉണങ്ങിയാല്‍ തന്നെ പാട്‌ മായുമോ ?അപ്പോള്‍ പിന്നെ ശരീരത്തിനും മനസ്സിനും ഒരുമിച്ച്‌ മുറിവ്‌ പറ്റിയാല്‍.. ! അതും നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്നു(?)വെന്ന് കരുതുന്നവരില്‍ നിന്നായാല്‍.. അത്‌ നാം അറിയാതെ തന്നെ നമ്മുടെ മുഖത്ത്‌ നിഴലിക്കും. എത്ര കരുതലെടുത്താലും അത്‌ നമ്മെ ശ്രദ്ധിയ്ക്കുന്നവര്‍ വായിച്ചെടുക്കുകയും ചെയ്യും. ഞാനും കുറച്ച്‌ കൂടി കട്ടിയുള്ള ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്നറിയില്ല.

Related Posts with Thumbnails