Monday, August 23, 2010

പറന്നകന്ന തുമ്പികൾ

ലോകത്തിന്റെ ഏത് കോണിലായാലും ഒട്ടുമിക്ക മലയാളികൾക്കും അവർ എത്ര ഒളിച്ചു വെക്കാൻ ശ്രമിച്ചാലും പുറമെക്ക് പതഞ്ഞ്‌വരുന്ന ഒരു വികാരമുണ്ട്. അത് അവരവർ ജനിച്ചു ജീവിച്ചു വളർന്ന ഗ്രാമത്തിനോടും ഗ്രാമവാസികളോടുമുള്ള ഒരു പ്രത്യേക അടുപ്പവും സ്നേഹവുമാണ്. അല്ലാത്തവർ വളരെ വിരളമായിരിക്കും. വീടും നാടും വിട്ടകന്ന് കണ്ണെത്താദൂരത്ത് ജീവിതം നയിക്കേണ്ടിവരുമ്പോൾ ആ സ്നേഹവും അടുപ്പവും വിരഹത്തിന്റെയും ,ഗൃഹാതുരതയുടെയും രൂപത്തിൽ നമ്മെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കും, ഉറ്റവരെയും ഉടയവരെയും വിട്ടകന്ന് പ്രവാസജീവിതം നയിക്കുന്നവരെ സംബന്ധിച്ച് അതിന്റെ തീക്ഷണത ഏറെയായിരിക്കും പ്രത്യേകിച്ച് വിശേഷ ദിവസങ്ങൾ വന്നണയുമ്പോൾ..

ഞാൻ ജനിച്ചത് തൊഴിയൂർ എന്ന ഗ്രാമത്തിലാണെങ്കിലും ആറാം വയസിൽ ഒരു പറിച്ചുനടലിലൂടെ വെള്ളറക്കാട് ഗ്രാമവും എനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. എല്ലാ മതവിശ്വാസികളും വളരെ സൌഹാർദ്ദത്തോടെ കഴിയുന്ന വെള്ളറക്കാട് എന്ന വിശാലമായ ഗ്രാമത്തിലെ ഞങ്ങൾ താമസിക്കുന്ന വെള്ളത്തേരി എന്ന ഏരിയയിൽ ഭൂരിഭാഗവും മുസ്‌ലിംകളാണുള്ളത്. സാധാരണക്കാരാ‍യ ഹൈന്ദവ സഹോദരങ്ങൾ മുസ്‌ലിം വീടുകൾക്കിടയിൽ ചേരിതിരിവില്ലാതെതന്നെ പരസ്പരം കൊണ്ടും കൊടുത്തും സ്നേഹത്തോടെ കഴിയുന്നതിൽ ഞങ്ങളുടെ അയൽ‌വാസികളായും കുറച്ച് വീടുകൾ ഉണ്ട്. വെള്ളറക്കാട് നൂറുൽഹുദാ മദ്രസയുടെ അടുത്തായി ഒരു കൃസ്ത്യൻ കുടുംബം മാത്രവും. ഏവരും വളരെ സൌഹാർദ്ദപരമയിതന്നെ ഇന്നും കഴിയുന്നു എന്നത് സന്തോഷകരമാണ്. ഓണവും പെരുന്നാളും നബിദിനവും ക്രിസ്തുമസും മറ്റ് ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം വരുമ്പോൾ പരസ്പരം വിഭവങ്ങൾ കൈമാറിയും, സഹായ സഹകരണങ്ങൾ ചെയ്ത് സൌഹാർദ്ധം ഊട്ടിയുറപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുൻ‌പന്തിയിൽ തന്നെ ഉണ്ടാവാറുണ്ടെന്നത് ഏറെ സന്തോഷകരമായ ഓർമ്മയാണ്.

മദ്രസയിൽ നിന്ന് ഉസ്താദ് പഠിപ്പിച്ചു തന്ന പുണ്യ റസൂലിന്റെ തിരുമൊഴികൾ ‘ വലിയവരെ ബഹുമാനിക്കുക ,ചെറിയവരോട് കരുണ ചെയ്യുക‘ എന്നത് ചെറുപ്പം മുതൽ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞങ്ങളെ പരിശീലിപ്പിച്ച പ്രിയപ്പെട്ട ഉമ്മ അവിടെ ഹിന്ദുവെന്നോ മുസൽ‌മാനെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വകഭേതം ഒട്ടും കൂട്ടിച്ചേർത്തിരുന്നില്ല. അത് കൊണ്ട് തന്നെ, ഞങ്ങളുടെ അയൽപകത്തുള്ള , ഞങ്ങളുടെ വീടുകളിൽ നിത്യവൃത്തിക്ക് വേണ്ടി പണിയെടുക്കാൻ വരുന്നവരെ മറ്റ് കുട്ടികൾ പേരെടുത്ത് വിളിക്കുമ്പോൾ എനിക്ക് അവരുടെ പേരിന്റെ കൂടെ ചേച്ചിയും ചേട്ടനും കൂട്ടി വിളിക്കാൻ കഴിഞ്ഞത്. പാടത്ത് നെൽകൃഷി ചെയ്തിരുന്ന സമയത്ത് നാട്ടിലെ കേമന്മാരായ കൃഷിക്കാർക്കിടയിൽ പിടിച്ച് നിൽക്കാൻ ചിലപ്പോഴൊക്കെ അവരെ മറി കടന്ന് ഞങ്ങളുടെ വീട്ടിലെ കൊയ്ത്തും മെതിയുമെല്ലാം ഒരു ദിവസം മുന്നെ കഴിപ്പിക്കാൻ ഉമ്മാക്ക് (ഉപ്പ ഗർഫിലായിരുന്നപ്പോൾ)സാധിച്ചിരുന്നത് അവരോടൊക്കെയുള്ള സമീപനം കൊണ്ടായിരുന്നിരിക്കാമെന്ന് ഇന്നെനിക്ക് ബോധ്യമാവുന്നു.

പാടത്ത് നെല്ല് വിളഞ്ഞ് കൊയ്ത്തിനു പാകമായാൽ കൊയ്ത്തുകാരികളുടെ നേതാവായി വാക്കിനെതിർവാക്കില്ലാതെ നിറഞ്ഞ് നിന്നിരുന്ന എല്ലാവരുടെയും ഏച്ചി (ചേച്ചി)യായ ചീരുകുട്ടി ചേച്ചി. പിന്നീട് താൻ പണിയെടുത്ത നിലം തന്റെതാക്കാൻ (നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നത് ഇവിടെ പ്രാവർത്തികമാവുന്ന കാഴ്ച)കാലത്തിന്റെ നിലക്കാത്ത കറക്കത്തിനിടയിൽ അവർക്ക് സാധിക്കുകയും ചെറിയ വീട്ടിൽ നിന്ന് രണ്ട് നിലകോൺക്രീറ്റ് സൌദത്തിലേക്ക് താമസം മാറ്റാനും അവർക്ക് കഴിഞ്ഞു അപ്പോഴും അധ്വാനത്തിന്റെ നാൾ വഴികൾ മറക്കാൻ അവർക്കായിരുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്.

എന്റെ കുട്ടിക്കാലത്തൊക്കെ ഓണത്തിന്റെ ദിനങ്ങളിൽ അഥവാ അത്തം നാൾമുതൽ പൂക്കൂടകളുമായി കുട്ടികൾ ഞങ്ങളുടെയെല്ലാം പറമ്പുകളിലും മറ്റും പൂമ്പാറ്റകളെപ്പോലെ പാറി നടക്കുന്നത് കാണാ‍ാമായിരുന്നു. ഓണത്തിനു വിവിധ തരം കളികളും തുമ്പി തുള്ളലുമായി ചേച്ചിമാരുടെ വീടും കുടിയും ഉണരുമ്പോൾ അവിടെയൊക്കെ കാഴ്ചക്കാരായി ഞങ്ങളും ചെന്നെത്തും. ആദ്യമായി തുമ്പി തുള്ളൽ എന്ന ഓണക്കളി കണ്ടത് എന്റെ സഹപാഠിയും കൂട്ടുകാരനുമായ സുനിലിന്റെ വീട്ടുമുറ്റത്ത് നിന്നാണ്. അന്ന് തുമ്പിയായി അരങ്ങ് (മുറ്റം)തകർത്ത അമ്മിണ്യേച്ചിയുടെ ഭാവഭേതങ്ങൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. ഒപ്പം ചീരുകുട്ട്യേച്ചിയും മറ്റ് പരിസരത്തുള്ള എല്ലാവരുമുണ്ട്. ‘കുറെ സ്ത്രീകളുടെ നടുവിലിരിക്കുന്ന തുമ്പിയെ നോക്കി പാടുന്നവർ പിന്നെ തുമ്പി തുള്ളാത്തതിന്റെ കാരണമെന്താണെന്ന് പാട്ടിലൂടെ തന്നെ ചോദിക്കുന്നു.. പൂവ് പോരാഞ്ഞാണോ എന്നൊക്കെ ... അതിന് തുമ്പിയുടെ നോട്ടവും മുടി ചുഴറ്റിയുള്ള മൂളലുകളും മറ്റും വളരെ ഉത്കണ്ഢയോടെയാണ് ഞാനന്ന് നോക്കിനിന്നത്. ഇന്നിപ്പോൾ അത്തരം ജീവനുള്ള കളികളെല്ലാം വേരറ്റുകൊണ്ടിരിക്കയാണ്. വിഡ്ഡിപ്പെട്ടിയിൽ കണ്ണും നട്ടിരുന്ന് ഗ്രാമങ്ങളിൽ പോലും കുട്ടികളുടെ കണ്ണടച്ചില്ലുകളുടെ കനം കൂടിയിരിക്കുന്നു. കഴിഞ്ഞകാലത്തിന്റെ നല്ല നാളുകൾ അയവിറക്കാൻ ഈ കുരുന്നുകൾക്ക് നാളെ ഒരു നല്ല ഒരു ഇന്നലെയുമില്ലാതെപോവുകയാണല്ലോ ! അന്ന് പറമ്പിലൂടെയും വീട്ടു മുറ്റങ്ങളിലൂടെയുമായിരുന്നു ഞങ്ങളുടെ യാത്ര. ചെറിയ മുൾവേലികൾ ഇടയ്ക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ സഞ്ചാരത്തിനു തടസമായിരുന്നില്ല. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. പലയിടത്തും വലിയ മതിലുകൾ കാലഘട്ടത്തിന്റെ ആവശ്യമെന്നോണം വന്നിരിക്കുന്നു. എങ്കിലും മനസിൽ വേലിയോ മതിലോ കെട്ടാതെ കഴിയാൻ ഇനിയും സാധിക്കട്ടെ


കഴിഞ്ഞ തവണ നാട്ടിൽ അവധിക്ക് പോയപ്പോഴും എന്നത്തെയും പോലെ എല്ലാവരെയും കാണാൻ ശ്രമിച്ചിരുന്നു. ചീരുകുട്ട്യേച്ചിക്ക് വയ്യാതായിരിക്കുന്നു. അമ്മിണ്യേച്ചി നല്ല ആരോഗ്യവതിയായി ജോലിക്കെല്ലാം പോകുന്നുണ്ടായിരുരുന്നു. സുനിലിന്റെ അച്ചൻ ബാലേട്ടനെ മുഹമ്മദ്കുട്ടിക്കാടെ കടയിൽ വെച്ച് പലതവണ കണ്ടിരുന്നു. അവിടെ സ്ഥിരം ചില കമ്പനികളുണ്ട് സൊറ പറയാനായി. പിന്നെ കാളിയേച്ചി, തങ്കമോളേച്ചി (അവരെ പറ്റി പിന്നെ എഴുതാം) എല്ലാവരെയും കണ്ടു സംസരിച്ചു. അവരെല്ലാം പഴയപടി തന്നെ .ഒരു മാറ്റവുമില്ല. പക്ഷെ പുതു തലമുറ.. അവരിൽ എന്തൊക്കെയോ ചില മാറ്റങ്ങൾ ഉള്ളതായി തോന്നുന്നു. നാട്ടിൻ പുറത്തും ഇപ്പോൾ ആ പഴയ സഹകരണവും സ്നേഹവും പാരസ്പര്യവുമൊക്കെ ഇല്ലാതാവുകയാണോ എന്ന് ആശങ്കയുണ്ടെങ്കിലും എല്ലാം പഴയപടി നിലനിൽക്കട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

കുറച്ച് ദിവസം മുന്നെ വീട്ടിലേക്ക് ഫോൺചെയ്തപ്പോൾ അറിഞ്ഞു ഇനി ഓണത്തിനു തുമ്പിയെ തുള്ളിക്കാൻ ചിരുകുട്ടി ചേച്ചി ഉണ്ടാവില്ല എന്നകാര്യം. അസുഖം കൂടി അവർ മരണപ്പെട്ടു. മരണപ്പെട്ടതിനോടനുബന്ധിച്ചുള്ള ചില ആചരിണങ്ങൾക്ക് (പുല /ചാവ് ) ശേഷം അമ്മിണ്യച്ചി ജോലിക്ക് പോയി തുടങ്ങിയോ എന്ന് ഉറപ്പില്ല . കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഉമ്മയിൽ പറഞ്ഞു. അവരും ചേച്ചിയുടെ പിന്നാലെ പോയ വിവരം. പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഒരു നെഞ്ച് വേദന.. ആശുപത്രിയിലെത്തും മുന്നെ ആ തുമ്പിയും പറന്ന്പോയി.

ഈ ഓണനാൾ അവരുടെ വീടുകളിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല .ആ വീടുകളിലെ, ഗ്രാമത്തിലെ മൂകത ഈ പ്രവാസഭൂമിയിലിരുന്നും അനുഭവിക്കാനാവുന്നത് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഗ്രാമത്തിനോടും ഗ്രാമവാസികളോടും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച അടുപ്പവും സ്നേഹവുമാണെന്നത് തന്നെ സത്യം


എല്ലാ ആഘോഷങ്ങളും ആചരണങ്ങളും ഇന്ന് കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ഓരോ ആഘോഷവേളയിലും വളരെ ഭീതിതമായ രീതിയിൽ സർവ്വ പാപങ്ങളുടെയും മാതാവ് എന്ന് തിരുനബി(സ.അ) അരുളിയ മദ്യത്തിന്റെ ഉപയോഗം കേരളീയ ഗ്രാമങ്ങളെ ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ നിന്ന് ചെകുത്താന്മാരുടെ നാടാക്കിമാറ്റികൊണ്ടിരിക്കുന്നു. പൂക്കളും പുഴകളും പൂതുമ്പിയും എല്ലാം ചുവർചിത്രങ്ങളായി മാറുകയാണിന്ന്. കുടുംബബന്ധങ്ങൾ വരെ ലാഭനഷ്ടക്കണക്ക് നോക്കി ഉറപ്പിക്കുന്ന നാളിൽ ജീവിക്കുന്നുവെങ്കിലും മനുഷ്യൻ എന്നും ശുഭാപ്തിവിശ്വാസിയായിരിക്കണമെന്ന മൂല്യത്തിൽ വിശ്വസിച്ച് നമുക്ക് പ്രതീക്ഷയോടെ നല്ല പ്രഭാതങ്ങൾക്കായി കാത്തിരിക്കാം. ഏത് നാട്ടിൽ കഴിഞ്ഞാലും അവിടെയെല്ലാം സ്വന്തം ഗ്രാമത്തിന്റെ വിശുദ്ധി ഹൃദയത്തിൽ ആവാഹിച്ച് മാതൃകയായി ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ .. നന്മകൾ നേർന്ന്കൊണ്ട് നിങ്ങളുടെ സ്വന്തം .പി.ബി


കൂട്ടി വായിക്കാൻ >ആഘോഷങ്ങൾ നടക്കട്ടെ ആർഭാടത്തോടെ
ബിലാത്തി മലയാളി യിൽ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചത് ഇവിടെ കാണാം
ചിത്രത്തിനു കടപ്പാട് : ബിലാത്തി മലയാളി

Wednesday, August 11, 2010

റമദാനിൽ ഒരുങ്ങുന്നവർ !

റമദാൻ ആഗതമാവുന്നതിനു വളരെ മുന്നെ റമദാൻ വിപണിയൊരുങ്ങികഴിഞ്ഞിരുന്നു ഒന്ന് വെച്ചാൽ രണ്ട് ഓഫറുകളുമായി ബഹുവർണ്ണ പേപ്പറുകൾ വാതില്പടികൾ മറക്കപെടുന്നു. ഇന്നലെ വരെ ഇസ്‌ലാമോഫോബിയ പിടികൂടിയിരുന്ന ചാനലുകൾ വരെ റമദാൻ സ്പെഷ്യൽ പരിപാടികളോടെ സജീവമാവുകയായി. സീരിയൽ നടന്മാരും നടിമാരും വരെ ‘ചാനൽ മുഫിതിമാരും മുഫ്ത്തിച്ചികളു’മായി തലേക്കെട്ടും മക്കനയുമിട്ട് തകർത്താടാൻ, നിറഞ്ഞ് കവിയാൻ എന്നേ തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു.

ഇനിയങ്ങോട്ട് റമദാൻ സ്പെഷ്യൽ സ്റ്റേജ് ഷോകളുടെ പൂരമാണ് (പ്രത്യേകിച്ച് ഗൾഫിൽ ) ..റമദാൻ മിമിക്രിയും റമദാൻ സിനിമാറ്റിക് ഡാൻസും വരെ അവതരിപ്പിക്കാൻ ഭക്തിയോടെ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നു. ചാനലായ ചാനലുകളെല്ലാം മാറ്റികുത്തി റമദാൻ ഗാനം ഡെഡിക്കേറ്റ് ചെയ്യാനും എസ്.എം.എസ്. അയച്ച് പുണ്യം നേടാനും വേണ്ടി മത്സരിക്കും നമ്മുടെ സഹോദരങ്ങൾ. ഒരു എസ്.എം.എസ്. അയച്ചാൽ എഴുപത് ഇരട്ടിയല്ലേ പ്രതിഫലം ! അതെന്തിനു നഷ്ടപ്പെടുത്തണം. മരിച്ച് പോയ ഉമ്മാക്കും വാപ്പാക്കും വരെ ഈ റമദാനിൽ നല്ലൊരു ഗാനം ഡെഡിക്കേറ്റ് ചെയ്യാനൊത്താൽ അതിലും വലിയ ഒരു ഇബദത്ത് (ആരാധന)ഈ ഉലകിലുണ്ടോന്ന് സംശയമാണ്.

മകളെകെട്ടിക്കാൻ 100 പവൻ തികയാതെ വിഷമിക്കുന്നവർ, വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കാൻ കാശില്ല്ലാതെ നട്ടം തിരിയുന്നവർ, വീടിനു യോജിക്കുന്ന വലിപ്പത്തിൽ എൽ.സി.ഡി ടി.വി യില്ലാത്തവർ.. അങ്ങിനെ ദുരിതമനുഭവിക്കുന്ന നിരവധിപേർ ദയനിയതയുടെ മുഖാവരണവുമിട്ട് ഒരുങ്ങികഴിഞ്ഞിരിക്കുന്നു.

രണ്ട് മൂന്ന് നോമ്പ് കഴിഞ്ഞാൽ പിന്നെ ഇഫ്‌താർ സംഗമങ്ങൾ പൊടിപൊടിക്കും ..ധുർത്തിനെതിരെ ധാർമ്മിക വചക കസർത്തുകൾ നടത്തുന്ന മത സംഘടനകളടക്കം ഭക്ഷണം ധൂർത്തടിക്കുന്നതിൽ നിന്ന് ഒട്ടും പിന്നിലല്ലെന്നതിൽ അവർക്കും അഭിമാനിക്കാം (!). അത്തരം മാമാങ്കങ്ങളിലെക്ക് ക്ഷണിക്കപ്പെടുന്നവരുടെ മഹത്വം കണ്ട് പട്ടിണിപ്പാവങ്ങൾക്ക് വയറു നിറയും.. അതും നല്ല കാര്യം തന്നെ. രാഷ്ടീയ നോമ്പ് തുറകൾ സന്ദർശിച്ചാൽ നല്ല നടനെയൂം നടിമാരെയുമൊക്കെ കണ്ടെത്താൻ പറ്റും. അതും ചില്ലറകാര്യമല്ല.

ഇങ്ങിനെയൊക്കെ എല്ലാവരും ഉണരുമ്പോൾ നമ്മുടെയൊക്കെ അവസ്ഥയാണ് ചിന്തിക്കേണ്ടത്... നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ !

അഭിമാനം മുറിപ്പെടാതെ അരവയർ മുറുക്കിയുടുത്ത് അർദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ശ്രമിയ്ക്കുമ്പോൾ മറ്റേ അറ്റം വേറിടുന്ന അവസ്ഥയിൽ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെകുറിച്ചോർക്കാൻ അവർക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാൻ ഈ പുണ്യമാസം ഉപയോഗപ്പെടുത്താനുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ.

വിശുദ്ധറമദാൻ ഒരിക്കൽ കൂടി നമ്മുടെ ആയുസിനിടയ്ക്ക് ആ‍ഗതമായിരിക്കുന്ന ഈ വേളയിൽ, എല്ലാ‍ മാലിന്യങ്ങളിൽ നിന്നും മനസിനെയും ശരീരത്തെയും കഴുകി സ്ഫുടം ചെയ്യാനുള്ള അവസരം പാഴാക്കികളയാതെ ഉപയുക്തമാക്കാൻ നമുക്കേവർക്കും അനുഗ്രഹമുണ്ടാവട്ടെ ..

അനാവശ്യ ചർച്ചകളിൽ നിന്നും ,റമദാനിന്റെ പരിശുദ്ധി നഷ്ടമാക്കുന്ന എല്ലാ വായനകളിൽ നിന്നും, അഭിപ്രായ പ്രകടനങ്ങളിൽ നിന്നും എല്ലാം മാറി നിൽക്കാനും ആ മാറിനിൽക്കൽ റമദാനിനു ശേഷം തുടർന്ന് ജീവിതത്തിൽ അനുവർത്തിക്കാനും തീരുമാനമെടുക്കാം..


ഏവർക്കും റമദാൻ മുബാറക്
സസ്നേഹം
പി.ബി

വിശദമായ റമദാൻ ലേഖനങ്ങളും പ്രാർത്ഥനകളും ഇവിടെ വാ‍യിക്കാം

Related Posts with Thumbnails