Sunday, February 16, 2014

എക്സ്ടാ ബിൽ !


സുഹൃത്ത് ബാബുവിന്റെ  ഷോപ്പിൽ പതിവുള്ള  വിസിറ്റ് നടത്താമെന്ന് കരുതിയിറങ്ങിയതായിരുന്നു. ഷോപ്പിനടുത്തെത്തിയപ്പോൾ അവൻ ധൃതിയിൽ പുറത്തേക്ക് വരുന്നത് കണ്ടു.. വാ നമുക്ക് ADDC  (Abu Dhabi Distribution company )ഓഫീസ് വരെയൊന്ന് പോയിവരാം. ഇലക്ട്രിസിറ്റിയുടെ എക്സ്ട്രാ ബിൽ തെറ്റായി വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഞാൻ കടയുടെ ലൈസൻസ് പുതുക്കുന്നതിനു മുന്നെ എല്ലാ ബാലൻസും ക്‌ളിയറാക്കിയതാ..എന്നിട്ടിപ്പോ എക്സ്ട്രാ ബില്ലടക്കാൻ മെസ്സേജ് വന്നിരിക്കുന്നു.  ഓഫീസിൽ നേരിട്ട് പോയി അന്വേഷിക്കാം. എന്നാൽ അതൊന്ന് അന്വേഷിച്ചിട്ടു തന്നെ ബാക്കി കാര്യം... മുമ്പൊരിക്കൽ കാറിന്റെ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് ,  ഓവർസ്പ്പിഡിനു 400 ദിർഹം  ഫൈൻ വന്നതും  ഫൈൻ രേഖപ്പെടുത്തിയ ദിവസം ഞാൻ നാട്ടിൽ പോയിരിക്കയായിരുന്നെന്നും മാത്രമല്ല ,കേമറ അടിച്ചതായി പറയുന്ന ‘റാസൽ ഖൈമ‘ യിലേക്ക്  പോവാനുള്ള വഴി തന്നെ എനിക്കറിയില്ലെന്നുമൊക്കെ  പറഞ്ഞ് അവസാനം നാലഞ്ച് ഓഫീസിൽ മാറി മാറി നടന്ന്  അത് കാമറകണ്ണിനു പറ്റിയ തെറ്റാണെന്ന് മനസിലാക്കി എന്റെ ഫൈൻ ഒഴിവാക്കിയതും മറ്റുമായ പൂർവ്വകാല ചരിത്രങ്ങൾ പങ്ക് വെച്ച് ഞങ്ങൾ ഓഫീസിലെത്തി ചേർന്നതറിഞ്ഞില്ല.

റിസപ്ഷനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ഒരു കൌണ്ടറിൽ ചെന്ന് വിവരം പറഞ്ഞു. അയാൾ കസ്റ്റമർ നമ്പർ വാങ്ങി സിസ്റ്റത്തിൽ ചെക്ക് ചെയ്ത്. നിങ്ങൾ ബില്ലെല്ലാം രണ്ടാഴ്ചമുന്നെ സെറ്റിൽ ചെയ്തതാ‍ണല്ലോ. എക്സ്ട്രാ ബിൽ ഉള്ളതായോ അങ്ങിനെ ഒരു ബിൽ മെസേജ് അയച്ചതായോ കാണുന്നില്ലല്ലോ ..ചിലപ്പോൾ കസ്റ്റമർ ടെലിഫോൺ നമ്പർ തെറ്റായി വന്നതായിരാക്കാം.  നിങ്ങൾക്ക് വന്ന മെസേജ് ഒന്ന് കാണിക്കാമോ എന്ന് ചോദിച്ചു. സുഹൃത്ത്  ഫോണിൽ മെസേജ്  വന്നത് ഓപ്പൺ ചെയ്ത് കൌണ്ടറിലിരിക്കുന്ന ആൾക്ക് ഫോൺ കൈമാറി അദ്ധേഹം അതൊന്ന് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി.. എന്നിട്ട് ചിരിച്ച് കൊണ്ട് അടുത്തിരുന്ന ആൾക്ക് ഫോൺ കൈമാറി. ഇവർ ഈ ബില്ലടക്കാൻ വന്നതാണെന്ന് പറഞ്ഞ് വീണ്ടു ചിരിച്ചു.  അയാളും ആ മെസേജൊന്നു നോക്കി പിന്നെ ഞങ്ങളെയും ഫോൺ കൊടുത്ത മറ്റാളേയും നോക്കി. പരസ്പരം ചിരിച്ചു..അതിനിടക്ക് ഒരു അറബി പെണ്ണ് അവർക്കരികിലേക്ക് വന്നു  പിന്നെ അവൾക്കും ആ മെസേജ് കാണിച്ച് ബില്ലടക്കാൻ വന്ന വിവരം പറഞ്ഞു. അവളും അവരുടെകൂടെ  ഞങ്ങള നോക്കി ചിരി തുടങ്ങി. എന്നിട്ടവളുടെ വക ഒരു സർട്ടിഫിക്കറ്റും ‘മിസ്കീൻ’ (പാവങ്ങൾ). ഞങ്ങൾ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിൽ നിൽക്കുകയാണ്.

 ശെടാ‍ാ ഇവന്മാർക്ക് വട്ടായോ ..എക്സ്ട്രാ ബിൽ മെസേജ് വായിച്ചിട്ട്  ചിരിക്കുന്നവരെ ആദ്യമായി കാണുകയാണല്ലോ ! ഇനി ഇത് വല്ല  തരികിട പറ്റിക്കൽസ് പരിപാടിയുടെ ഭാഗവുമാണോ ? ഞങ്ങളിപ്പോൾ ഓൺ എയറിൽ സം‌പ്രേഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണോ.. സംശയങ്ങൾ പലതും മിന്നി മറഞ്ഞു..  സംശയങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കൌണ്ടറിലിരുന്ന അറബി പറഞ്ഞു..  പ്രിയ സുഹൃത്തുക്കളേ.. ഈ ബില്ലടക്കാനാണോ നിങ്ങളിപ്പോൾ വന്നത് ? ഹ..ഹ. അത് നന്നായി.. എന്തായാലും നിങ്ങളിതുവരെ വന്നതല്ലേ. പുതുവത്സാരാശംസകൾ ഞങ്ങൾ നേരിൽ നേർന്ന് കൊള്ളുന്നു.. നിങ്ങൾക്ക് പോകാം.. അപ്പോൾ ഈ ഈ ബില്ല്‌ തെറ്റായിരുന്നോ ?   ..അത്  ബില്ലടക്കാനുള്ള മെസേജല്ല. .. നിങ്ങൾ ആ മെസേജ് ശരിക്കും നോക്കിയില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞ് മൊബൈൽ ഞങ്ങാൾക്ക് തന്നെ തിരിച്ചു തന്ന്നു.

മെല്ലെ ഓഫീസിൽ നിന്ന് സ്കൂട്ടായി പുറത്ത് വന്നു ..പിന്നെ മെസേജ് തുറന്ന്  വിശദമായി നോക്കി..   .. ADDC എന്നും 1435  എന്നും കണ്ടപ്പോൾ ബാക്കി ഒന്നും നോക്കാൻ നിൽക്കാതെ ചാടിപുറപ്പെട്ട  ഞങ്ങൾ  ചാനൽ വാർത്ത കണ്ട് സ്റ്റാറ്റസിട്ടവരെപ്പോലെ ബ്‌ളിങ്കസ്യാ നിന്നു.. പക്ഷെ  ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. .. സൈക്കിളിൽ നിന്ന് വീണ ചിരിയായിരുന്നു എന്ന് മാത്രം .. 
J
  (  മുഹറം 1 , ഇസ്‌ലാമിക് ന്യൂ ഇയർ 1435  പിറന്നതിന്റെ ആശംസകൾ നേർന്ന് കൊണ്ട്  ADDC ഓഫീസിൽ നിന്നും അയച്ച സന്ദേശമായിരുന്നു അത്.. )

Related Posts with Thumbnails